ന്യൂഡൽഹി: ബംഗ്ലാദേശിന് കറാച്ചി തുറമുഖത്തേക്ക് പ്രവേശനം അനുവദിച്ച് പാകിസ്ഥാൻ. രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ പാക് - ബംഗ്ലാദേശ് സംയുക്ത സാമ്പത്തിക കമ്മീഷൻ (ജെഇസി) യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
പാകിസ്ഥാൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം തുറമുഖ പ്രവേശനം ബംഗ്ലാദേശിന് ചൈനയുമായും മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാര ശൃംഖല വികസിപ്പിക്കാൻ സാധിക്കും. ബംഗ്ലാദേശ് കപ്പലുകൾക്ക് കറാച്ചി തുറമുഖം തുറന്നുകൊടുക്കാനുള്ള പാക് തീരുമാനം ധാക്കയിലേക്കുള്ള വ്യാപാര റൂട്ടുകൾ സുഗമമാക്കുമെന്നും പ്രാദേശിക അയൽ വിപണികളിൽ വാണിജ്യ ഇടപെടലിനുള്ള അവസരങ്ങൾ വികസിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്. ഈ വർഷം ഇന്ത്യ ബംഗ്ലാദേശിന്റെ കയറ്റുമതിയിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ, ബംഗ്ലാദേശിൽ നിന്നുള്ള തെരഞ്ഞെടുത്ത ചണ ഉത്പന്നങ്ങളുടെയും കയറുകളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചു. മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖം വഴി കയറ്റുമതി വഴിതിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.